""അടിമക്കണ്ണാകാന്‍ ഇല്ല''; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍.പ്രശാന്ത്
Saturday, April 12, 2025 8:19 AM IST
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരെ അടക്കം ലക്ഷ്യമിട്ട് വീണ്ടും എന്‍.പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താൻ. പഴയ സിനിമാ സീന്‍ പോസ്റ്റ് ചെയ്ത് ഐഎഎസ് ഓഫീസര്‍മാര്‍ പെരുമാറേണ്ടത് ഇങ്ങനെയെന്നും പ്രശാന്ത് പരിഹസിച്ചു.
""പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം.
ഈ വിഷയം പഠിപ്പിക്കുന്ന പ്രഫ.അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം. ബ്ലാക്ക് & വൈറ്റ് വീഡിയോ ആണ് നാസ പുറത്ത് വിട്ടത്. ഒന്നും തോന്നരുത്.
ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക് ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക് മാത്രമാണീ ക്ലാസ് ബാധകം.
പ്രഫ. അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട. ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ'' എന്നിങ്ങനെയാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.വകുപ്പുതല നടപടിയിൽ വിശദീകരണം നൽകുന്നതിന് എൻ. പ്രശാന്ത് മുന്നോട്ടുവച്ച നിർദേശം നേരത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തള്ളിയിരുന്നു. ഹിയറിംഗിന്റെ ഓഡിയോ വിഡിയോ റെക്കോർഡിംഗും ലൈവ് സ്ട്രീമിഗും വേണമെന്നായിരുന്നു പ്രശാന്ത് മുന്നോട്ടുവച്ച നിബന്ധന. ഇതിന് പിന്നാലെയാണ് പ്രശാന്തിന്റെ പുതിയ പോസ്റ്റ്.