കേരള ജനത ദാഹിക്കുന്നത് അഴിമതിയിൽ നിന്നുള്ള മോചനത്തിന്: ശോഭ സുരേന്ദ്രൻ
Saturday, April 12, 2025 7:13 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്തത്തിന് വേണ്ടിയല്ല അഴിമതിയിൽ നിന്നുള്ള മോചനത്തിനു വേണ്ടിയാണ് കേരളജനത ദാഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ.
ജനങ്ങളുടെ ആഗ്രഹത്തെ വെല്ലുവിളിച്ചുകൊണ്ട് കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനാണ് മുഖ്യമന്ത്രി തയാറാവുന്നത്. മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
മുഖ്യമന്ത്രിയും മരുമകനായ മന്ത്രിയും വീണയെ സംരക്ഷിക്കുകയാണ്. സിപിഎം അഴിമതിയുടെ കറപുരണ്ടിരിക്കുന്ന പാർട്ടിയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനോട് മാത്രമാണ് സിപിഎമ്മിന് പ്രതിബദ്ധത. മുഖ്യമന്ത്രി അറിയാതെ ഒരു ചില്ലി കാശുപോലും വീണ വീട്ടിലേക്ക് കൊണ്ടുവരില്ല.
കെഎസ്ഐഡിസിയെ കൊണ്ടുവന്നത് കരിമണൽ കർത്തയ്ക്ക് വേണ്ടിയാണ്. സിഎംആർഎല്ലിൽ നിന്നും 13 ശതമാനം ഓഹരി കെഎസ്ഐഡിസി വാങ്ങിയതിലൂടെ 180 കോടി നഷ്ടമുണ്ടായി. ഇതിനെ കുറിച്ച് ഒരു അന്വേഷണമില്ല. പ്രമുഖനായ മറ്റൊരു നേതാവിനും വലിയ തുക കർത്തയുടെ കന്പനിയിൽ നിന്നും കിട്ടിയിട്ടുണ്ട്.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മകൾ വരെ കന്പനി നടത്തുന്നത് കേരളത്തിന് പുറത്താണ്. കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയൻ മാറി നിൽക്കണമെന്നാണ് ബിജെപിക്ക് പറയാനുള്ളത്. പ്രതിപക്ഷം ഇതിൽ പ്രതികരിക്കാത്തത് അവർക്കും മാസപ്പടിയിൽ പങ്കുള്ളതുകൊണ്ടാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.