ചെപ്പോക്കിൽ തകർന്നുവീണ് ചെന്നൈ; കോൽക്കത്തയ്ക്ക് അനായാസ ജയം
Friday, April 11, 2025 10:28 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് അനായാസ ജയം. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ എട്ട് വിക്കറ്റിന് തകർത്തു.
ചെന്നൈ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം 60 പന്തുകൾ ബാക്കിനിൽക്കെ കോൽക്കത്ത മറികടന്നു. സുനിൽ നരെയ്ന്റെ വെടിക്കെറ്റ് ബാറ്റിംഗാണ് കോൽക്കത്തയെ അനായാസമായി ലക്ഷ്യത്തിലെത്തിച്ചത്. 18 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു നരെയ്ന്റെ ഇന്നിംഗ്സ്.
ക്വിന്റൺ ഡിക്കോക്ക് 23 റൺസും നായകൻ അജിൻക്യ രഹാനെ 20 റൺസും എടുത്തു. റിങ്കു സിംഗ് 15 റൺസും സ്കോർ ചെയ്തു. ചെന്നൈയ്ക്ക് വേണ്ടി അൻഷുൽ കാംബോജും നൂർ അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർകിംഗ്സ് കോൽക്കത്തയുടെ ബൗളിംഗിന് മുന്നിൽ തകർന്നടിയുകയായിരുന്നുയ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസാണ് ചെന്നൈ എടുത്തത്.
31 റൺസെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. വിജയ് ശങ്കർ 29 റൺസെടുത്തു. നായകൻ ധോണി അടക്കം മറ്റാർക്കും താളം കണ്ടെത്താനായില്ല.
കോൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റെടുത്തു. വരുൺ ചക്രവർത്തിയും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീതവും വൈഭവ് അറോറയും മോയിൻ അലിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിജയത്തോടെ കോൽക്കത്തയ്ക്ക് ആറ് പോയിന്റായി. ചെന്നൈയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണ് ഇന്നത്തെ മത്സരത്തേത്.