ഉപ്പുതറയിലെ കൂട്ടമരണം; ധനകാര്യസ്ഥാപനത്തിനെതിരേ കേസെടുക്കാൻ പോലീസ്
Friday, April 11, 2025 10:00 PM IST
ഇടുക്കി: ഉപ്പുതറയില്‍ രണ്ടു പിഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തേക്കും. സ്ഥാപനത്തില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ ആരോപണവും ആത്മഹത്യക്കുറിപ്പില്‍ ഇതുസംബന്ധിച്ച സൂചന ലഭിച്ചതും കണക്കിലെടുത്താണ് പോലീസ് നടപടിക്കൊരുങ്ങുന്നത്.
ഇന്നലെയാണ് ഉപ്പുതറ ഒമ്പതേക്കര്‍ പട്ടത്തമ്പലം സജീവ് (38), ഭാര്യ രേഷ്മ (28), മക്കളായ ദേവന് (6), ദിയ (4) എന്നിവരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉപ്പുതറയില്‍ ഓട്ടോ ഡ്രൈവറാണ് സജീവ്. പുതിയ ഓട്ടോ വാങ്ങിയപ്പോള്‍ മൂന്നുലക്ഷം രൂപ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും സജീവ് വായ്പയെടുത്തിരുന്നു. ഇത് കൃത്യമായി അടച്ചുപോരികയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.
8,000 രൂപയാണ് ഒരു മാസത്തെ തിരിച്ചടവ് തുക. തിരിച്ചടവ് രണ്ടുമാസം മുടങ്ങിയതോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് സജീവിന്റെ അച്ഛന് മോഹനന് പറഞ്ഞു. തന്നെയും ധനകാര്യ സ്ഥാപനത്തില്‍നിന്ന് ആളുകള്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നെന്ന് മോഹനന് പറയുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും സ്ഥാപനത്തില്‍നിന്നു മോഹനന് ഫോണ്‍ സന്ദേശം വന്നിരുന്നു. ഇതില്‍ സ്ഥലവും വീടും പിടിച്ചെടുക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണി. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് സ്ഥലംവിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നിരുന്നില്ല. ഇതിനിടയിലാണു കൂട്ടമരണം.