എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവം; വിദ്യാർഥിനി പരീക്ഷയെഴുതേണ്ടെന്ന് ലോകായുക്ത
Friday, April 11, 2025 9:33 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പുനപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് അക്കാദമിക് റിക്കാർഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്കാന് ലോകായുക്ത നിര്‍ദേശം. വിദ്യാര്‍ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലയുടെ നിര്‍ദേശം ലോകായുക്ത തള്ളി.
എംബിഎ വിദ്യാര്‍ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ നടപടി. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
കോഴ്സ് പൂര്‍ത്തിയായി വിദ്യാര്‍ഥിനി ജോലിയിൽ പ്രവേശിച്ചിരുന്നു. ഉത്തരക്കടലാസുകൾ നഷ്ടമായതോടെ നടത്തിയ പുനപരീക്ഷയെഴുതാൻ അഞ്ജനയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ പെൺകുട്ടി ലോകായുക്തയെ സമീപിക്കുകയായിരുന്നു.