10,000 കോടിയുടെ ഇഎൽഐ പദ്ധതി എവിടെ?; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
Friday, April 11, 2025 2:59 PM IST
ന്യൂഡൽഹി: കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇഎൽഐ) പദ്ധതിയിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
മോദി കൊട്ടിഘോഷിച്ച പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 10,000 കോടി രൂപയുടെ പദ്ധതി എവിടെയാണ് അപ്രത്യക്ഷമായെന്ന് രാഹുൽ ചോദിച്ചു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വർഷമായി, പദ്ധതി എന്താണെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായിട്ടില്ല. തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എങ്ങനെയാണ് കാണുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് മൂന്ന് ചോദ്യങ്ങളും രാഹുൽ മോദിയോട് ഉന്നയിച്ചു. 10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായത്.നിങ്ങളുടെ വാഗ്ദാനങ്ങള്പ്പോലെ ഇവിടുത്തെ തൊഴിലില്ലാത്ത യുവാക്കളെയും നിങ്ങള്‍ ഉപേക്ഷിച്ചോ?
രാജ്യത്തിന് അത്യാവശമായ കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കൃത്യമായ പദ്ധതിയെന്താണ്?. അദാനി അടക്കമുള്ളവരെ സമ്പന്നരാക്കുന്നതില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിലേക്ക് നിങ്ങള്‍ എപ്പോഴാണ് ശ്രദ്ധ കേന്ദ്രീകരിക്കുക? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ചോദിച്ചത്.
2024ലെ കേന്ദ്ര ബജറ്റിലാണ് സര്‍ക്കാര്‍ ആദ്യമായി എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയില്‍ എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.