ഹെഡ്ഗേവാറിന്റെ പേരിൽ പാലക്കാട്ട് ഒരു പൊതുസ്ഥാപനം ഉയരില്ല: രാഹുൽ മാങ്കൂട്ടത്തിൽ
Friday, April 11, 2025 2:23 PM IST
പാലക്കാട്: ഭിന്നശേഷിക്കാർക്കായുള്ള കെയർ സെന്ററിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള നടപടിയിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. ഹെഡ്ഗേവാറിന്റെ പേരിൽ ഇങ്ങനൊരു സ്ഥാപനം പാലക്കാട് ഉയരില്ല എന്ന് ഉറപ്പിച്ച് പറയുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.
"ഇത് ആരുടെ തീരുമാനമാണ്. ഇത്തരമൊരു സ്ഥാപനത്തിന് പേര് കൊടുക്കുമ്പോൾ മുൻസിപ്പൽ കൗൺസിലിൽ ആ തീരുമാനം വച്ചിട്ടുണ്ടോ. ഗാന്ധിജിയുടെ പേരോ നെഹ്റുവിന്റെ പേരോ ഒരു സ്ഥാപനത്തിന് ഇടുകയാണെങ്കിൽ രഹസ്യമായി ഇടുമോ. ഇഎംഎസിന്റെ പേര് ഒരു സ്ഥാപനത്തിന് ഇടുന്നത് രഹസ്യമായാണോ. ഇത് പരസ്യമായി പറയാൻ കൊള്ളാത്തതാണെന്ന് ഇവർക്ക് തന്നെ ഒരു ബോധ്യമുണ്ട്. അത്കൊണ്ടാണ് രഹസ്യമായി ഒളിച്ച് കടത്താൻ ശ്രമിക്കുന്നത്' .
"ഇത് ആർഎസ്എസുകാരന്റെ പാരമ്പര്യ ഭൂമിയല്ല. അങ്ങനെയുള്ള ഭൂമിയിൽ അവർ ഇഷ്ടമുള്ള പേര് കൊടുത്തോട്ടെ. എന്നാൽ നമ്മളുടെ കരംകൊടുത്ത് മുൻസിപ്പാലിറ്റി വാങ്ങിയ ഒരു പൊതുവിടത്തിൽ ഒരു കാരണവശാലും ഇങ്ങനൊരു പേര് അനുവദിക്കില്ല. ഞങ്ങൾ ഈ പ്രതിഷേധം തുടരും'.
"ഈ രാജ്യത്തെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ആഭ്യന്തര ശസ്ത്രുക്കളാണെന്ന് പറയുന്നതാണോ പ്രത്യയശാസ്ത്രം. ഹിറ്റ്ലർ ജർമനിയിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് 33 ശതമാനം വോട്ട് നേടിജയിച്ചയാളാണ്. അതുകൊണ്ട് ഹിറ്റ്ലർ ശരിയാണെന്ന് പറയാൻ കഴിയുമോ. ആ ഹിറ്റലറിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ചരിത്രം അറിയാവുന്നവർക്ക് അറിയാം'.
"ബ്രിട്ടീഷുകാർ ഇന്ത്യഭരിച്ചിരുന്നകാലത്ത് തേങ്ങ മോഷണത്തിന് അറസ്റ്റിലായ വ്യക്തിയെ സ്വാതന്ത്ര സമരസേനാനിയെന്ന് വിളിക്കുമോ. സ്വാതന്ത്ര്യത്തിന് വേണ്ടിപോരാടുകയും ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യക്ക് വേണ്ടി പ്രവർത്തിച്ചരെയാണ് സ്വാതന്ത്ര്യ സമരസേനാനികൾ എന്ന് വിളിക്കുന്നത്'.
"പൊതുവിടത്തിൽ ഹെഡ്ഗേവാറിന്റെ പേരിൽ ഒരു കെട്ടിടമുണ്ടാവുകയില്ല. ഇക്കാര്യത്തിൽ അടിസ്ഥാനപരമായ നിയമലംഘനം നടന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത് സിഎസ്ആർ ഫണ്ടിലാണ് വരുന്നത്. ആ സ്ഥാപനത്തോടും ചോദ്യംചോദിക്കാനുണ്ട്. ഈ രാജ്യത്തെ വിഭജിച്ച ഹെഡ്ഗേവാറിന്റെ പേരിലാണോ ഈ സ്ഥാപനത്തിന് പണം കൊടുക്കുന്നതെന്ന് ഓഷ്യാനെസ് എന്ന കമ്പനിയോടും ചോദിക്കും. അതോടൊപ്പം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിക്ക് കോൺഗ്രസും യൂത്ത്കോൺഗ്രസും പരാതി നൽകും'.-രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ പാലക്കാട് നഗരസഭയിലേക്ക് മാർച്ച് നടന്നു. പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.