എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാൻ 17 കോടി അധികം നൽകണം; സർക്കാരിനോട് ഹൈക്കോടതി
Friday, April 11, 2025 12:04 PM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി അധികമായി കെട്ടിവയ്ക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു.
മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അധികമായി നൽകേണ്ട 17 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയില്‍ നിക്ഷേപിക്കാൻ കോടതി നിർദേശിച്ചു.
അതേസമയം 549 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നതായിരുന്നു എസ്റ്റേറ്റിന്റെ ആവശ്യം. സർക്കാർ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നും എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചിരുന്നു. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയതെന്നും എസ്റ്റേറ്റ് അധികൃതർ പറഞ്ഞിരുന്നു.
എന്നാൽ ഇത്രയധികം രൂപ വളരെ കൂടുതലാണെന്നും ന്യായവില നിർണയവുമായി ബന്ധപ്പെട്ടാണ് തങ്ങൾ പണം നല്കുന്നതെന്നുമാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതിനായി 26 കോടി രൂപ നേരെത്തെ നീക്കി വെച്ചിരുന്നു.
എന്നാൽ ന്യായവിലയിൽ മാറ്റം വന്നതോടെ ഈ തുക 49 കോടി രൂപയായി മാറിയെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ സാചര്യത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.