വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; കെ.എം.എബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവ്
Friday, April 11, 2025 11:09 AM IST
കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രാഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഉത്തരവ്.
കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്. കെ.എം.എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി 2015-ലാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 2015-ൽ ധനവകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു കെ.എം.എബ്രഹാം. ഈ കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി.
ഇതില്‍ തുടര്‍നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന് കോടതിയെ സമീപിച്ചു. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളിൽ തുടരുകയാണ് കെ എം എബ്രഹാം.
നേരത്തേ സംസ്ഥാന വിജിലൻസ് കെ.എം.എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്.