നായ കുറുകെചാടി; ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു
Friday, April 11, 2025 9:40 AM IST
പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോട്ടായിയിലാണ് സംഭവം.
ആനിക്കോട് വെള്ളയംകാട് വീട്ടിൽ പരേതനായ രാധാകൃഷ്ണന്റെ മകൻ മുരളിയാണ് (37) മരിച്ചത്. പാലക്കാട് - വാളയാർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് മുരളി.
ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ രാത്രി പത്തോടെ മാത്തൂർ പാലപ്പൊറ്റയിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റ യുവാവിനെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇതിന് മുമ്പും ഇവിടെ ഇത്തരത്തിൽ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.