ഹിയറിംഗ് ലൈവ് സ്ട്രീമും റിക്കാർഡിംഗും: എന്. പ്രശാന്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്ക്കാര്
Friday, April 11, 2025 9:19 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വിളിച്ച ഹിയറിംഗിനു സഹകരിക്കാൻ സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് മുന്നോട്ടുവച്ച വിചിത്രമായ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് സർക്കാർ.
ഹിയറിംഗ് തത്സമയം സ്ട്രീം ചെയ്തു പൊതുജനമധ്യത്തിൽ കാണിക്കണമെന്നും റിക്കാർഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ രഹസ്യ സ്വഭാവമുണ്ടെന്നും ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.
അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ. ഗോപാലകൃഷ്ണൻ ഐഎഎസ് എന്നിവരെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന പരാതിയിലാണ് എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനുമായി ബന്ധപ്പെട്ടു തന്റെ ഭാഗം കേട്ടില്ലെന്ന പ്രശാന്തിന്റെ പരാതിയെത്തുടർന്നാണ് ഹിയറിംഗിനു മുഖ്യമന്ത്രി നിർദേശിച്ചത്.
ഏപ്രിൽ 16ന് വൈകുന്നേരം 4.30ന് ഹിയറിംഗിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നത്.