വയനാട് ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്
Friday, April 11, 2025 6:48 AM IST
കൊച്ചി: വയനാട് മാതൃകാ ടൗണ്‍ഷിപ്പിന് ഏറ്റെടുക്കുന്ന ഭൂമിക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി പറയുക. ഏറ്റെടുക്കുന്ന 78.73 ഹെക്ടര്‍ ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം.
സര്‍ക്കാര്‍ നിശ്ചയിച്ച 26.51 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ച് പ്രതീകാത്മകമായി സ്ഥലം ഏറ്റെടുത്ത് ടൗണ്‍ഷിപ്പിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചിരുന്നു.
എസ്റ്റേറ്റിലെ തേയിലച്ചെടികള്ക്കുതന്നെ 82 കോടി രൂപ മൂല്യം വരും. കമ്പനി കെട്ടിടങ്ങള്‍ക്ക് 20 കോടിയും. ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ക്വാര്‍ട്ടേഴ്സുകളടക്കം കെട്ടിടങ്ങള്‍ വേറെയുമുണ്ട്.
എന്നാല്‍ നോട്ടീസ് പോലും നല്‍കാതെയാണ് മൂല്യനിര്‍ണയം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാൽ, സമീപപ്രദേശത്തു നടന്ന ഭൂമി ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.