അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ
Friday, April 11, 2025 1:19 AM IST
തിരുവനന്തപുരം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മുട്ടത്തറ സ്വദേശി സബീറിനെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.
തലയുടെ മുന്‍ഭാഗത്തും ഇടതുകാലിലുമാണ് വെട്ടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചിലാരംഭിച്ചു. കമലേശ്വരം ഗംഗാനഗര്‍ സ്വദേശി വിനേഷിനെ(29) ആണ് പ്രതികള്‍ വെട്ടിയത്.
ബുധനാഴ്ച രാത്രി ഒന്‍പതോടെ മുട്ടത്തറ എംഎല്‍എ റോഡിലാണ് സംഭവം. പഴഞ്ചിറ ദേവി ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് സുഹ്യത്തുക്കളോടൊപ്പം റോഡില്‍ നില്‍ക്കവെ സ്കൂട്ടറില്‍ എത്തിയ പ്രതികള്‍ വിനേഷുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.
തുടര്‍ന്ന് രാത്രി 11 ഓടെ വെട്ടുകത്തിയുമായി വിനേഷിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൂന്തുറ പോലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തുവെന്ന് എസ്ഐ വി. സുനില്‍ അറിയിച്ചു.