കേരളലോട്ടറി അയൽ സംസ്ഥാനത്തേക്കു കടത്തുന്നു; വിൽപ്പന തൊഴിലാളികൾക്ക് ടിക്കറ്റ് കിട്ടാനില്ല
Thursday, April 10, 2025 9:45 PM IST
കോട്ടയം: ലോട്ടറി ടിക്കറ്റുകള്‍ വൻതോതിൽ അയൽ സംസ്ഥാനങ്ങളിലേക്കു കടത്തുന്നതു സംസ്ഥാനത്തെ ലോട്ടറി വിൽപ്പന തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ടിക്കറ്റുകള്‍ ലഭിക്കാതെവരുന്നു. അതിര്‍ത്തിയിലുള്ള കച്ചവടക്കാരാണ് ടിക്കറ്റുകള്‍ അയല്‍ സംസ്ഥാനത്തേക്കു കടത്തുന്നത്. അവിടെ ടിക്കറ്റുകള്‍ക്കു കൂടുതല്‍ വില ലഭിക്കുന്നുണ്ട്.
സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും മൂന്നാം സമ്മാനത്തിന്റെ പന്ത്രണ്ടെണ്ണത്തിൽ ആറെണ്ണവും പാലക്കാട് ജില്ലയില്‍ വിൽപ്പന നടത്തിയ ടിക്കറ്റിനാണു ലഭിച്ചിട്ടുള്ളത്. ഇത് മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തിയ ടിക്കറ്റുകള്ക്കാണോ എന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കേരള ലോട്ടറിയുടെ പ്രതിദിനം അച്ചടിക്കുന്ന ഒരു കോടി എട്ടു ലക്ഷം ടിക്കറ്റുകളില്‍ പകുതിയില്‍ അധികവും ലോട്ടറി നിരോധിത സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് പാലക്കാട് ജില്ല വഴി കടത്തുന്നതുകൊണ്ടാണ് ബംബര്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ പാലക്കാട്ടു ജില്ലയില്‍ വിതരണം ചെയ്യുന്ന ടിക്കറ്റുകള്‍ക്കു ലഭിക്കുന്നത്. ലോട്ടറി മാഫിയകള്‍ ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി വാങ്ങി ഇരട്ടിവിലയ്ക്കാണ് നിരോധിത സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത്.
ലോട്ടറി മാഫിയ മൊത്തത്തില്‍ ടിക്കറ്റുകള്‍ വാങ്ങുന്നതിനാല്‍ കേരളത്തില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് ടിക്കറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. കൃത്രിമമായി ടിക്കറ്റിനു ക്ഷാമം ഉണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ലോട്ടറിക്കു വില വര്‍ധിപ്പിച്ചിരിക്കുകയുമാണ്. ബുധനാഴ്ചത്തെ ടിക്കറ്റ് അമ്പത് രൂപയാക്കിയപ്പോള്‍ വില്‍പ്പന പകുതിയായി കുറയുകയും ടിക്കറ്റ് വിറ്റഴിയാതെ തൊഴിലാളികൾക്കു വന്‍സാമ്പത്തിക ബാധ്യതയുണ്ടാകുകയും ചെയ്തു.
ഇതര സംസ്ഥാനത്തേക്കു ലോട്ടറി കടത്തുന്നതു തടയാന്‍ തയാറാകുന്നില്ലെന്നും ലോട്ടറി മാഫിയക്ക് ഒത്താശ ചെയ്യുന്ന നടപടികളാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ലോട്ടറി തൊഴിലാളി യൂണിയനുകള്‍ക്ക് ആക്ഷേപമുണ്ട്. ലോട്ടറി നിരോധനമുള്ള സംസ്ഥാനത്തേക്ക് നിയമവിരുധമായി വില്‍പ്പന നടത്തുന്നതിനുവേണ്ടി ടിക്കറ്റുകള്‍ കടത്തുന്നതു തടയണമെന്ന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.