തഹാവൂർ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി
Thursday, April 10, 2025 8:43 PM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹാവൂര്‍ റാണയെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് എൻഐഎ തഹാവൂർ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡൽഹി പാലം വ്യോമസേന വിമാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. എന്‍എസ്ജ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി.
ഓണ്‍ലൈനായിട്ടാണ് റാണയെ കോടതിയില്‍ ഹാജരാക്കുക. എന്‍ഐഎ അഭിഭാഷകര്‍ പാട്യാല ഹൗസ് കോടതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്‍ഐഎ ഓഫീസിന് മുന്നിലെ സുരക്ഷ ക്രമീകരണങ്ങള്‍ ഡൽഹി പോലീസ് വിലയിരുത്തി. ഡൽഹി ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലെ അഭിഭാഷകന് പിയൂഷ് സച്ച്ദേവ ആയിരിക്കും റാണക്കായി ഹാജരാകുക.
ഇന്ത്യക്ക് കൈമാറിയ റാണയെയുംകൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ബുധനാഴ്ചയാണ് പുറപ്പെട്ടത്. 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജന്‍സി രജിസ്റ്റര്‍ചെയ്ത കേസിലാണ് റാണയെ അമേരിക്കയില്‍നിന്ന് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളില്‍ ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പാക്കിസ്ഥാന് വംശജനും കനേഡിയന്‍ ബിസിനസുകാരനുമായ റാണ ആഗോള ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സജീവ പ്രവര്‍ത്തകനാണ്. 2008 നവംബര്‍ 11-നും 21-നും ഇടയില്‍ ദുബായ് വഴി റാണ മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പവായിലെ ഹോട്ടല്‍ റിനൈസന്സില് താമസിക്കുന്നതിനിടെ ഭീകരാക്രമണങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ നടത്തിയതായി കരുതപ്പെടുന്നു.