ചേർത്തലയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
Thursday, April 10, 2025 5:16 PM IST
ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം. കടക്കരപ്പള്ളി സ്വദേശി സുമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭര്‍ത്താവ് ഹരിദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചെ അയല്‍വീട്ടിലെത്തി സുമിക്ക് അനക്കമില്ലെന്നും മരിച്ചെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു. മൂക്കില്‍നിന്ന് രക്തം വാര്‍ന്ന് സോഫയില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അയല്‍വാസികള്‍ പറഞ്ഞെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.
രാവിലെ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതോടെ പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില പാടുകൾ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സുമിയുടെ മരണം കൊലപാതകമാണോയെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെ പട്ടണക്കാട് പോലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒടുവിൽ, ഇരുവരും തമ്മിലുള്ള വഴക്കിനിടെ സുമിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് സമ്മതിച്ചു.
പ്രതി ഹരിദാസ് എയർ ഫോഴ്സിൽനിന്ന് വിരമിച്ചയാളാണ്. ഇയാളുടെ രണ്ടാം ഭാര്യയാണ് സുമി. ആദ്യഭാര്യയുടെ മരണശേഷമാണ് സുമിയെ വിവാഹം കഴിച്ചത്.