വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
Thursday, April 10, 2025 3:47 PM IST
മലപ്പുറം: ചട്ടിപ്പറന്പിൽ വാടക വീട്ടിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ രണ്ട് പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രസവം എടുക്കാൻ സഹായിച്ച വയറ്റാട്ടി ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമ, ഇവരുടെ മകൻ അബൂബക്കർ സിദ്ദീഖ് എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
ഇരുവരെയും ഇന്നാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച അസ്മയുടെ ഭർത്താവ് സിറാജുദ്ദീന് വേണ്ട എല്ലാ സഹായവും ചെയ്ത് നൽകിയത് ഇവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു.
വീട്ടിലെ പ്രസവത്തിനു പിന്നാലെയുണ്ടായ അമിത രക്തസ്രാവം മൂലമാണ് പെരുന്പാവൂർ സ്വദേശി അസ്മ (35) മരിച്ചത്. സംഭവത്തില്‍ സിറാജുദ്ദീനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവർക്കുമെതിരേ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.