തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; ഡൽഹിയിൽ കനത്ത സുരക്ഷ
Thursday, April 10, 2025 3:17 PM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. പ്രത്യേക വിമാനത്തിൽ ഡൽഹി പാലം വ്യോമസേനാ താവളത്തിലേക്കാണ് എത്തിച്ചത്. കർശന സുരക്ഷയിൽ എൻഐഎ ആസ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് വിവരം.
ഇതിന് മുന്‍പ് വിമാനത്താവളത്തിന് സമീപമുള്ള ഏതെങ്കിലും രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗികമായ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല.
റാണയെ ഇന്ത്യയിലെത്തിച്ച ശേഷം രാജ്യത്ത് വലിയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. പാക് ഭീകരസംഘടനകള്‍ അടക്കം ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
ഇന്ത്യക്ക് കൈമാറിയ റാണയെയുംകൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ബുധനാഴ്ചയാണ് പുറപ്പെട്ടത്. 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജന്‍സി രജിസ്റ്റര്‍ചെയ്ത കേസിലാണ് റാണയെ അമേരിക്കയില്‍നിന്ന് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളില്‍ ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പാക്കിസ്ഥാന് വംശജനും കനേഡിയന്‍ ബിസിനസുകാരനുമായ റാണ ആഗോള ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സജീവ പ്രവര്‍ത്തകനാണ്. 2008 നവംബര്‍ 11-നും 21-നും ഇടയില്‍ ദുബായ് വഴി റാണ മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പവായിലെ ഹോട്ടല്‍ റിനൈസന്സില് താമസിക്കുന്നതിനിടെ ഭീകരാക്രമണങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ നടത്തിയതായി കരുതപ്പെടുന്നു.