എംഡിഎംഎ വിൽപന; ഉഗാണ്ടൻ യുവതി പിടിയിൽ
Thursday, April 10, 2025 2:47 PM IST
മലപ്പുറം: വിദ്യാദ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തി വന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. ഉഗാണ്ട സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ (30) ആണ് പിടിയിലായത്.
ബുധനാഴ്ച ബംഗളൂരു ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തുനിന്നാണ് അരീക്കോട് പോലീസ് യുവതിയെ പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കൽ സ്വദേശി അസീസ് (43), എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷമീർ ബാബു (42) എന്നിവരെ ഒരാഴ്ച മുമ്പ് 200 ഗ്രാം എംഡിഎംഎയുമായി അരീക്കോട് തേക്കിൻച്ചുവട് വച്ച് പിടികൂടിയിരുന്നു.
ബംഗളൂരുവിൽനിന്ന് എത്തിച്ച ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവർക്ക് ലഹരി മരുന്ന് നൽകിയ പൂവത്തിക്കൽ സ്വദേശി അനസ്, കണ്ണൂർ മയ്യിൽ സ്വദേശി സുഹൈൽ എന്നിവരെയും പോലീസ് പിടികൂടി.
പിന്നാലെയാണ് സംഘത്തിലെ പ്രധാനിയായ ഉഗാണ്ട യുവതി പിടിയിലാകുന്നത്. ഇതോടെ കേസിൽ പിടിയിലാകുന്ന പ്രതികളുടെ എണ്ണം അഞ്ചായി. 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നു പിടികൂടിയത്.