ജാർഖണ്ഡ് സ്വദേശികൾ ഉപേക്ഷിച്ച "നിധി'യെ ഏറ്റെടുത്ത് സിഡബ്ല്യുസി
Thursday, April 10, 2025 1:21 PM IST
കൊച്ചി: ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ഉപേക്ഷിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു. കഴിഞ്ഞ രണ്ടുമാസമായിട്ടും കുഞ്ഞിനെ മാതാപിതാക്കൾ ഏറ്റെടുക്കാത്തതിനെത്തുടർന്നാണ് സിഡബ്ല്യുസിയുടെ നടപടി. ജുവനയിൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് ഡബ്ല്യുസി കുഞ്ഞിനെ ഏറ്റെടുത്തത്.
എറണാകുളത്തെ സിഡബ്ല്യുസി കേന്ദ്രത്തിലാകും കുഞ്ഞിനെ പാർപ്പിക്കുക. എല്ലാ മാസവും ആരോഗ്യസ്ഥിതി പരിശോധിക്കും. കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജാണ് കുഞ്ഞിന് ‘നിധി’ എന്ന പേര് നിർദേശിച്ചത്.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലിചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദന്പതികൾ നാട്ടിലേക്കു പോകുന്ന സമയത്താണ് ട്രെയിനില്‍വച്ച് ഭാര്യക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ഒരു കിലോയില്‍ താഴെ മാത്രമേ ഭാരമുള്ളൂ എന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേക്കു മാറ്റി. പിന്നീട് അച്ഛനെയും അമ്മയെയും കാണാതാകുകയായിരുന്നു.
വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്കി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു വിദഗ്ധ പരിചരണം ഉറപ്പാക്കിയിരുന്നു. ഇപ്പോള്‍ കുഞ്ഞിന് 37 ആഴ്ച പ്രായവും രണ്ടര കിലോ തൂക്കവുമുണ്ട്.
സാധാരണ കുട്ടികളെപ്പോലെ പാല് കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയത്.