കോവിഡ് കാലവുമായി താരതമ്യം ചെയ്യരുത്, വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം: ആവർത്തിച്ച് ഹൈക്കോടതി
Thursday, April 10, 2025 1:07 PM IST
കൊച്ചി: വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് കേന്ദ്രസർക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
ദുരിതബാധിതരുടെ വായ്പയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടം എഴുതിത്തള്ളണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കണം. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു.
അതേസമയം, വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകളെ നിര്‍ബന്ധിക്കാനാകില്ലെന്നും അത് അവര്‍ കൈക്കൊള്ളേണ്ട നയപരമായ തീരുമാനമാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്കിയ മറുപടി. കോവിഡ് കാലത്ത് എംഎസ്എംഇകള്‍ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, അത് നിരാകരിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
എന്നാൽ, കോവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താത്കാലികമായിരുന്നുവെന്നും എന്നാൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംഭവിച്ചത് അങ്ങനെയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വയനാട് ദുരിതബാധിതരുടെ ജീവനോപാധി തന്നെയാണ് ഇല്ലാതായത്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഇതിനു പിന്നാലെ, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്നു കേന്ദ്ര സർക്കാര്‍ കോടതിയെ അറിയിച്ചു.
വയനാട് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് പരിഗണിക്കുന്നത്. ഹർജി ഇനി വേനലവധിക്ക് ശേഷം പരിഗണിക്കും.