കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി
Thursday, April 10, 2025 12:37 PM IST
പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽവച്ച് പീഡിപ്പിച്ച കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ യുവതി പീഡനത്തിന് ഇരയായത്. കോവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സംഭവം.
കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. പത്തൊന്‍പതുകാരിയായ പെൺകുട്ടിയുമായി ഇയാൾ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലൻസ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം.
പിന്നീട് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.