വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; ഒരാൾ കൂടി കസ്റ്റഡിയിൽ
Thursday, April 10, 2025 12:13 PM IST
മലപ്പുറം: ചട്ടിപ്പറന്പിൽ വാടക വീട്ടിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രസവം എടുക്കാൻ സഹായിച്ച വയറ്റാട്ടി ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയുടെ മകൻ അബൂബക്കർ സിദ്ദീഖ് ആണ് പിടിയിലായത്.
ഫാത്തിമയെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടിലെ പ്രസവത്തിനു പിന്നാലെയുണ്ടായ അമിത രക്തസ്രാവം മൂലമാണു പെരുന്പാവൂർ സ്വദേശി അസ്മ (35) മരിച്ചത്. സംഭവത്തില്‍ അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സഹായിച്ചവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.
മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരേ ചുമത്തിയിരിക്കുന്നത്. അസ്മയുടെ ആദ്യ രണ്ടു പ്രസവം ആശുപത്രിയിലും തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിലുമാണു നടന്നത്.
അമിതമായ ആത്മീയ താത്പര്യങ്ങളുള്ള വ്യക്തിയാണു സിറാജുദ്ദീൻ. ഈയൊരു കാഴ്ചപ്പാടിലാണു പ്രസവങ്ങൾ വീട്ടിലാക്കിയത്. ഇദ്ദേഹത്തിന്റെ പ്രേരണയിലാണ് അസ്മ വീട്ടിൽ പ്രസവിച്ചതെന്നാണു കരുതുന്നതെന്നും പോലീസ് പറഞ്ഞു.