ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് റോഡിൽ കൊണ്ടിട്ട നിലയിൽ
Thursday, April 10, 2025 11:47 AM IST
ചാത്തന്നൂർ: ക്ഷേത്രത്തിലെ ഉപദേവതാ വിഗ്രഹം തകർത്ത് റോഡിൽ ഉപേക്ഷിച്ച നിലയിൽ. കല്ലുവാതുക്കൽ അടുതല പുളിക്കൽ ഭഗവതിക്ഷേത്രത്തിൽ ബുധനാഴ്ച രാത്രിയാണ് അക്രമം നടന്നത്. ക്ഷേത്രമതിൽക്കെട്ടിനകത്ത് ശ്രീകോവിലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വിഗ്രഹമാണ് തകർത്തത്.
ബ്രഹ്മരക്ഷസ്, നാഗദൈവങ്ങൾ എന്നിവയുടെ വിഗ്രഹങ്ങൾ ഈ ഭാഗത്താണ് പ്രതിഷ്ഠിച്ചിരുന്നത്. ഇതിൽ ബ്രഹ്മരക്ഷസിന്റെ പീഠം ഇളക്കിയാണ് വിഗ്രഹം തകർത്ത് ദൂരെയുള്ള റോഡിൽ കൊണ്ടിട്ടത്.
വിഗ്രഹത്തിന്റെ ഒരു ഭാഗം റോഡിന്റെ എതിർവശത്താണ് ഉപേക്ഷിച്ചത്. മോഷണശ്രമമല്ല ഇതിനു പിന്നിലെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. വഞ്ചികളിലോ വിളക്കുകളിലോ തൊട്ടിട്ടു പോലുമില്ല. ക്ഷേത്രഭാരവാഹികൾ പാരിപ്പള്ളി പോലീസിന് പരാതി നല്കി.