സംയുക്ത സമരത്തിനില്ല; എളമരം കരീമിന് കത്തയച്ച് ആർ. ചന്ദ്രശേഖരൻ
Thursday, April 10, 2025 11:10 AM IST
തിരുവനന്തപുരം: മേയ് 20ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കിൽ നിന്ന് പിന്മാറാൻ ഐഎൻടിയുസി തീരുമാനം. സംയുക്ത സമരത്തിൽ നിന്ന് ഐൻടിയുസി പിന്മാറുകയാണെന്ന് കാട്ടി ഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു. കെപിസിസിയുടെ നിർദേശപ്രകാരമാണ് സംയുക്ത ദേശീയ പണിമുടക്കിൽ നിന്ന് ഐഎൻടി സിയുടെ പിന്മാറ്റം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ അടുത്തതിനാൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേർന്നുള്ള സമരപ്രക്ഷോഭങ്ങൾ തൽകാലം നിത്തി വയ്ക്കുകയാണെന്നാണ് ചന്ദ്രശേഖരൻ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം സംയുക്ത പ്രക്ഷോഭങ്ങൾ മാറ്റിവച്ചെങ്കിലും യുഡിഎഫിൽ ഉൾപ്പെട്ടിട്ടുള്ള ട്രേഡ് യൂണിയനുകൾ പ്രത്യേകമായി പണിമുടക്കാനും മറ്റ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ എളമരം കരീമിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.