കുഞ്ഞ് കരഞ്ഞതിൽ അസ്വസ്ഥത; നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
Thursday, April 10, 2025 1:23 AM IST
അഹമ്മദാബാദ്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഗുജറാത്തിലെ മേഘാനിനഗര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കരിഷ്മ ബാഗേൽ(22) ആണ് അറസ്റ്റിലായത്.
തന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയാണ് കരിഷ്മ വാട്ടർ ടാങ്കിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ കാണാതായതായി കരിഷ്മ ഭർത്താവിനോടു പറഞ്ഞത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
തിരച്ചിലിൽ അംബികാനഗർ പ്രദേശത്തുള്ള വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് കരിഷ്മയാണെന്ന് തെളിയുകയായിരുന്നു.
ഗർഭിണിയായതു മുതൽ കരിഷ്മ വൈകാരികമായും ശാരീരികമായും അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ എപ്പോഴും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടുകയും കുട്ടി ഒരുപാട് കരയുന്നതിനാൽ അസ്വസ്ഥയാണെന്ന് കുടുംബാംഗങ്ങളോട് പറയുകയും ചെയ്തിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.