രാജസ്ഥാനെ തകർത്തു; ഗുജറാത്തിന് നാലാം ജയം
Wednesday, April 9, 2025 11:40 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ഗംഭീര ജയം. അഹമ്മദാബിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 58 റൺസിനാണ് ഗുജറാത്ത് രാജസ്ഥാനെ തകർത്തത്.
ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 159 റൺസ് നേടാനെ സാധിച്ചുള്ളു. 159 റൺസിൽ രാജസ്ഥാൻ ഓൾ ഔട്ടാകുകയായിരുന്നു. ഷിംറോൺ ഹെറ്റ്മയറിനും നായകൻ സഞ്ജു സാംസണും റിയാൻ പരാഗിനും മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങാനായത്.
52 റൺസെടുത്ത ഹെറ്റ്മയറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. സഞ്ജു 41 റൺസും പരാഗ് 26 റൺസും എടുത്തു. ഗുജറാത്തിന് വേണ്ടി പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു. റാഷിദ് ഖാനും സായ് കിഷോറും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജും അർഷാദ് ഖാനും കുൽവന്ത് കെജ്റോളിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 217 റൺസെടുത്തത്.അർധ സെഞ്ചുറി നേടിയ സായ് സുദർശന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ എടുത്തത്. 53 പന്തിൽ 82 റൺസാണ് സുദർശൻ സ്കോർ ചെയ്തത്. എട്ട് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സുദർശന്റെ ഇന്നിംഗ്സ്.
ജോസ് ബട്ട്ലറും ഷാറൂഖ് ഖാനും രാഹുൽ തെവാട്ടിയയും മികച്ച പ്രകടനമാണ് നടത്തിയത്. ബട്ട്ലറും ഷാരൂഖും 36 റൺസ് വീതമാണ് എടുത്തത്. തെവാട്ടിയ 24 റൺസും സ്കോർ ചെയ്തു.
രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെയും മഹേഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതമെടുത്തു. ജോഫ്ര ആർച്ചറും സന്ദീപ് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സീസണിലെ ഗുജറാത്തിന്റെ നാലാം വിജയമാണ് ഇന്നത്തേത്. ഇതോടെ എട്ട് പോയിന്റായ ഗുജറാത്ത് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. രാജസ്ഥാന് മൂന്നാം തോൽവിയാണ് ഇന്ന് നേരിട്ടത്.