എസ്എഫ്ഐഒ നടപടികള്‍ക്ക് തത്ക്കാലം സ്റ്റേയില്ല; സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് കേസ് മാറ്റി
Wednesday, April 9, 2025 3:27 PM IST
ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ നടപടികള്‍ക്ക് തത്ക്കാലം സ്റ്റേയില്ല. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.
കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ നേരത്തേ വാദം കേട്ട ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് കേസ് മാറ്റി. ഹര്‍ജി ഈ മാസം 22ന് പരിഗണിക്കും.
ജസ്റ്റീസ് ഗിരിഷ് കത്പാലിയയുടെ ബെഞ്ചാണ് എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് പരിഗണിച്ചത്. കേസില്‍ എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍ ഹര്‍ജി തീര്‍പ്പാകുംവരെ കേസില്‍ തുടര്‍നടപടി ഉണ്ടാകില്ലെന്ന് എസ്എഫ്ഐഒയും കേന്ദ്ര സര്‍ക്കാരും നേരത്തേ കോടതിയില്‍ വാക്കാല്‍ നല്കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
വാക്കാലുള്ള ഉറപ്പ് ജുഡീഷല്‍ റെക്കോര്‍ഡില്‍ ഇല്ലെന്ന് ജസ്റ്റീസ് ഗിരീഷ് കത്പാലിയ പറഞ്ഞു. വാക്കാല്‍ ഉറപ്പ് നല്‍കിയത് താന്‍ കേട്ടതാണെന്ന് കപില്‍ സിബല്‍ ആവര്‍ത്തിച്ചു. ജസ്റ്റീസ് സുബ്രഹ്മണ്യന് പ്രസാദ് ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഇത്തരത്തില്‍ ഉറപ്പ് നല്‍കിയതെന്നായിരുന്നു വാദം. ഇതോടെ ജസ്റ്റീസ് സുബ്രഹ്മണ്യന് പ്രസാദിന്റെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റുകയായിരുന്നു.
നാല് ജഡ്ജിമാരാണ് ഇതുവരെ ഹര്‍ജി പരിഗണിച്ചത്. മൂന്നാമത് ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ചന്ദ്രധാരി സിംഗ് വാദം കേട്ട ശേഷം ഉത്തരവ് പറയാനിരിക്കെ അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് ഗിരിഷ് കത്പാലിയയുടെ ബെഞ്ചിലേക്ക് ഹര്‍ജി വന്നത്. രണ്ടാമതാണ് ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് ഹർജി പരിഗണിച്ചത്.