സുഹൃത്തുക്കൾക്കൊപ്പം തേനെടുക്കാൻ വനത്തിൽ പോയി; വെള്ളച്ചാട്ടത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Wednesday, April 9, 2025 1:59 PM IST
പാലക്കാട്: പാലക്കയം കരിമലയിൽ വനത്തിലെ വെള്ളച്ചാട്ടത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടി കരിവാര ഉന്നതിയിലെ മണികണ്ഠൻ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പായിരുന്നു മണികണ്ഠനും എട്ട് സുഹൃത്തുക്കളും ചേർന്ന് തേൻ ശേഖരിക്കാൻ വനത്തിലേക്ക് പോയത്.
വനത്തിനു സമീപം വെള്ളച്ചാട്ടത്തിനു താഴെ പറയിടുക്കിൽ താമസിച്ചു തേനെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ. രാത്രിയോടെ വെള്ളത്തിലിറങ്ങാൻ ശ്രമിച്ച മണികണ്ഠൻ കാൽവഴുതി വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
തുടർന്ന് ഇവർ തിരച്ചിൽ നടത്തിയെങ്കിലും മണികണ്ഠനെ കണ്ടെത്താനായില്ല. പിന്നാലെ, മണ്ണാർക്കാട്ടു നിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പാലക്കാട്ടു നിന്നു സ്കൂബാ സംഘം എത്തി തിരച്ചിൽ നടത്തുകയായിരുന്നു.