സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: കുറ്റപത്രം സമർപ്പിച്ചു
Wednesday, April 9, 2025 11:59 AM IST
മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1,000 പേജുള്ള കുറ്റപത്രമാണ് മുംബൈ പോലീസ് സമർപ്പിച്ചത്. ബിഎൻഎസിലെ വിവിധ വകുപ്പുകളും പാസ്പോർട് ആക്ട് പ്രകാരവുമുള്ള കേസുമാണ് പ്രതി ഷെരീഫുൾ ഇസ്ലാമിനെതിരെ ചുമത്തിയിരിക്കുന്നത്.
മോഷണത്തിനായി ഷെരീഫുൾ നടന്റെ വസതിയിലെത്തിയെന്നും എന്നാൽ പിടിക്കപ്പെട്ടപ്പോൾ നടനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് കുറ്റപത്രത്തിലുള്ളത്. കത്തി കൊണ്ട് ആക്രമിച്ചെന്നും നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
2025 ജനുവരി 16നാണ് സെയ്ഫ് അലി ഖാന് മുംബൈ ബാന്ദ്രയിലെ വീട്ടിൽ വച്ച് കുത്തേറ്റത്. പുലർച്ചെ 2.30ഓടെ നടന്റെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. സെയ്ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.