കഞ്ചാവ് കലര്‍ന്ന മിഠായിരൂപത്തിലുള്ള ലഹരി കൈവശംവച്ച യുപി സ്വദേശി പിടിയിൽ
Wednesday, April 9, 2025 11:48 AM IST
ആറന്മുള: കഞ്ചാവ് കലര്‍ന്ന മിഠായി രൂപത്തിലുള്ള ലഹരിവസ്തു കൈവശം വച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ഉത്തര്‍പ്രദേശ് ഗോരഖ്പുര്‍ സ്വദേശി റാം ഹുസിലയാണ് (50) ആറന്മുള പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി ആറാട്ടുപുഴ ദേവി ക്ഷേത്രം അങ്കണവാടി റോഡില്‍ പുതുവന പുത്തന്വീട്ടില്നിന്നാണ് എസ്ഐ വി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ ലഹരിവസ്തു കണ്ടെടുത്തത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് കലര്‍ന്ന മിഠായിരൂപത്തിലുള്ള ലഹരി വസ്തു സൂക്ഷിച്ചു വച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
രാത്രിയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം, ജനലിന്റെ താഴെ കോണ്‍ക്രീറ്റ് സ്ലാബിന്റെ അടിയില്‍ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തു കണ്ടെടുത്തത്. പോളിത്തീന്‍ കവറിനുള്ളില്നിന്നാണ് ഗുളിക രൂപത്തില്‍ കഞ്ചാവ് കലര്‍ന്ന മിഠായി കണ്ടെടുത്തത്. 200 ഗ്രാം വീതം വരുന്ന ചെറിയ പായ്ക്കറ്റുകള്‍ അഞ്ചു കവറിലായി ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ലഹരി മിഠായികൾ.