മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും
Wednesday, April 9, 2025 10:06 AM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിൽ പ്രതിയായ പാക് വംശജനായ കനേഡിയൻ പൗരൻ തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം അമേരിക്കയിലെത്തിയതായും വിവരമുണ്ട്.
ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തഹാവൂര്‍ റാണ നൽകിയ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് നടപടികള്‍. റാണ നിലവില്‍ ലോസ് ആഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ തടങ്കല്‍ കേന്ദ്രത്തിലാണുള്ളത്.
ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂര്‍ റാണ ഫെബ്രുവരിയില്‍ അടിയന്തര അപേക്ഷ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ മാസം അത് തള്ളിയിരുന്നു. 2011ലാണ് ഭീകരാക്രമണത്തില്‍ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഭീകരാക്രമണം നടപ്പാക്കാൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് എല്ലാ സഹായവും നൽകിയത് തഹാവൂർ റാണയാണെന്നാണ് എൻഐഎ കണ്ടെത്തൽ. 2008 നവംബർ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.