നിലമ്പൂരിൽ മ്ലാവിനെ വേട്ടയാടിയ കേസ്; രണ്ട് പേർ കൂടി പിടിയിൽ
Wednesday, April 9, 2025 5:02 AM IST
മലപ്പുറം: നിലമ്പൂരിൽ മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. എടക്കര തെയ്യത്തും പാടം ഇലഞ്ഞിമുറ്റത്ത് ഷിബിൻ ജോർജ്(35), അകമ്പാടം പെരുവമ്പാടം ഇടിവണ്ണ പൗവ്വത്ത് വീട്ടിൽ പി.സി. ബിജു(50) എന്നിവരാണ് പിടിയിലായത്.
അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ചർ വി.കെ. മുഹ്സിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. എട്ടു കിലോ മ്ലാവ് ഇറച്ചിയുമായി വഴിക്കടവ് പൂവ്വത്തിപ്പൊയിൽ പിലാത്തൊടിക മുജീബ് റഹ്മാൻ നേരത്തെ പിടിയിലായിരുന്നു. ഇയാൾ റിമാൻഡിലാണ്.
ഞായറാഴ്ച വൈകുന്നേരം നെല്ലിക്കുത്തിൽ വനപാലകരുടെ പിടിയിലായ വഴിക്കടവ് പുന്നക്കൽ സ്വദേശി ഭഗവതി ആലുങ്കൽ മൻസൂറലിയുടെ മൊഴി പ്രകാരമാണ് മറ്റു രണ്ടു പേർ തിങ്കളാഴ്ച പിടിയിലായത്. മൻസൂറലിയാണ് തോക്ക് ഉപയോഗിച്ചതെന്നാണ് മൊഴി.
മലമാനെ വെടിവെക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉടമ വഴിക്കടവ് പുന്നക്കൽ സ്വദേശി ഇർഷാദ്, വേട്ടസംഘത്തിന് സഹായിയായ വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി ജിയാസ് എന്നിവർ ഒളിവിലാണ്. ഇവർക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്.