റൺമലയ്ക്കു മുന്നിൽ പൊരുതി വീണു; ചെന്നൈയ്ക്ക് തുടർച്ചയായ നാലാം തോൽവി
Tuesday, April 8, 2025 11:47 PM IST
മൊഹാലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് 18 റൺസ് വിജയം. 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനെ സാധിച്ചൊള്ളൂ.
സ്കോർ: പഞ്ചാബ് 219/6 ചെന്നൈ 201/5. അർധ സെഞ്ചുറി നേടിയ ഡെവോൺ കോൺവെയാണ് (69) ചെന്നൈയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളിൽ ശിവം ദുബെയും ധോണിയും തകർത്തടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
ശിവം ദുബെ 27 പന്തിൽ 42 ഉം ധോണി12 പന്തിൽ 27 റൺസെടുത്തു പുറത്തായി. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ടീം സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലെത്തിക്കാൻ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും പിന്നീട് കഥ മാറി. അവസാന ഓവറിൽ 28 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ധോണി ആദ്യ പന്തിൽ തന്നെ പുറത്തായി.
രണ്ടാം പന്തിൽ വിജയ് ശങ്കര്‍ സിംഗിൾ നേടിയതോടെ ചെന്നൈ പരാജയം ഉറപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. ഓപ്പണിംഗ് ബാറ്റർ പ്രിയാൻഷ് ആര്യയുടെ സെഞ്ചുറിയാണ് ടീമിനെ മികച്ച സ്കോറിൽ എത്തിച്ചത്. 42 പന്തുകൾ നേരിട്ട താരം 103 റൺസെടുത്തു.
ജയത്തോടെ പോയിന്റ് പട്ടികയിൽ പഞ്ചാബ് കിംഗ്സ് നാലാം സ്ഥാനത്തെത്തി. ചെന്നൈ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. പ്രിയാൻഷ് ആര്യയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.