പ്രിയാൻഷ് ആര്യനു സെഞ്ചുറി; ചെന്നൈയ്ക്ക് 220 റൺസ് വിജയലക്ഷ്യം
Tuesday, April 8, 2025 9:40 PM IST
മുല്ലന്‍പുർ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 220 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു.
യുവതാരം പ്രിയാൻഷ് ആര്യന്റെ സെഞ്ചുറിയാണ് (103) ടീമിനെ തുണച്ചത്. ഒരു ഘട്ടത്തിൽ പഞ്ചാബ് അഞ്ചിന് 83 റൺസ് എന്ന നിലയിൽ തകർന്നിരുന്നു. സെഞ്ചുറിയുമായി തിളങ്ങിയ പ്രിയാൻഷ് ആര്യ ഒറ്റയ്ക്ക് ടീമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയായിരുന്നു.
42 പന്തിൽ ഏഴ് ഫോറും ഒമ്പത് സിക്സും ഉള്‍പ്പെട്ടതായിരുന്നു പ്രിയാൻഷ് ആര്യയുടെ ഇന്നിംഗ്സ്. 19 പന്തിൽ അർധ സെഞ്ചറി പിന്നിട്ട പ്രിയാൻഷ് 39 പന്തിൽ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചറി തികച്ചു.
35 പന്തിൽ 80 റൺസെന്ന നിലയിൽനിന്ന് ശ്രീലങ്കൻ പേസർ മതീഷ പതിരാനയെ തുടർച്ചയായി മൂന്നു സിക്സറുകളും ഒരു ഫോറും തൂക്കിയാണ് ഇന്ത്യൻ യുവതാരം നൂറു പിന്നിട്ടത്. ശശാങ്ക് സിംഗ് 52 റൺസെടുത്തു.
മാർകോ യാന്സൻ 19 പന്തിൽ 34 റൺസും എടുത്തു പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ആർ.അശ്വിനും ഖലീൽ അഹമ്മദും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.