ജയത്തിനരികെ കോൽക്കത്ത വീണു; ലക്നോവിന് നാലുറൺസ് വിജയം
Tuesday, April 8, 2025 8:01 PM IST
കോൽക്കത്ത: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നോ സൂപ്പര്‍ ജയന്റ്സിന് ജയം. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ് ലക്നോവിന്റെ വിജയം.
ലക്നോ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കോൽക്കത്തയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുക്കാനെ കഴിഞ്ഞൊള്ളൂ. സ്കോർ: ലക്നോ 238/3, കോൽക്കത്ത 234/7. കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ തുടക്കം മുതൽ അടിച്ച് തകർത്താണ് കോൽക്കത്ത മുന്നേറിയത്.
എന്നാൽ മധ്യ ഓവറുകളിൽ പ്രതീക്ഷിച്ച റൺസ് കണ്ടെത്താൻ കഴിയാതെ വന്നതോടെ കോൽക്കത്ത പൊരുതി കീഴടങ്ങുകയായിരുന്നു. 35 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് ടോപ് സ്കോറർ. വെങ്കടേഷ് അയ്യർ (29 പന്തിൽ 45), റിങ്കു സിംഗ് (15 പന്തിൽ 38), സുനിൽ നരെയ്ൻ (13 പന്തിൽ 30) എന്നിവരാണ് കോൽക്കത്തയുടെ മറ്റു റൺവേട്ടക്കാർ.
ആവേശ് ഖാന്റെ 19-ാം ഓവറിൽ ഒരു സിക്സും രണ്ടു ഫോറുകളും അടിച്ച റിങ്കു സിംഗ് വിജയപ്രതീക്ഷ നൽകിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ റിങ്കുവിന് കഴിഞ്ഞില്ല. ലക്നോവിനായി ഷാര്‍ദുൽ താക്കൂറും ആകാഷ് ദീപും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ലക്നോവ് നിക്കോളസ് പുരാന്റെയും മിച്ചൽ മാര്‍ഷും അര്‍ധസെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്. മിച്ചൽ മാര്‍ഷ് 48 പന്തിൽ ആറു ഫോറും അഞ്ച് സിക്സറുകളും സഹിതം 81 റൺസ് നേടിയപ്പോൾ പുരാൻ 36 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്നു.
എട്ടു ഫോറും ഏഴു സിക്സറുകളുമാണ് പുരാന്റെ ബാറ്റിൽ നിന്ന് പിറന്നത്. എയ്ഡന്‍ മാര്‍ക്രം 47 റൺസ് നേടി. കോൽക്കത്തയ്ക്കായി ഹര്‍ഷിത് റാണ രണ്ടും റസൽ ഒരു വിക്കറ്റും വീഴ്ത്തി. നിക്കോളസ് പുരാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.