വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
Tuesday, April 8, 2025 7:06 PM IST
ന്യൂഡൽഹി: പുതിയ വഖഫ് നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിലായെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
പാർലമെന്റ് പാസാക്കിയ വഖഫ് ബില്ലിൽ രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ചട്ടരൂപീകരണം കേന്ദ്ര സർക്കാർ ഉടൻ നടത്തും.
നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ ഹർജിയും ഫയൽ ചെയ്തു. ഏപ്രില്‍ 16ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്.