ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഇരുട്ടില്‍ തപ്പി പോലീസ്
Tuesday, April 8, 2025 5:48 PM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭവത്തിന് ഉത്തരവാദിയായ പ്രതി സുകാന്ത് സുരേഷിനെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. സുകാന്തിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
മരണം നടന്ന് 13 ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയെയോ ഇയാളുടെ മാതാപിതാക്കളെയോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നത് പോലീസിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 24-നാണ് പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷിനെതിരേ പെണ്‍കുട്ടിയുടെ പിതാവ് പേട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ സുകാന്തിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതി ഫോണിലൂടെ സുകാന്തിനെ അറിയിക്കുകയായിരുന്നു പേട്ട പോലീസ് ചെയ്തത്. ഇതോടെ സുകാന്തും കുടുംബവും വളര്‍ത്തുമൃഗങ്ങളെപ്പോലും ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു.
മാതാപിതാക്കളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ലോക്കല്‍ പോലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കണ്ടെത്തി നല്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗം, വഞ്ചന, ആത്മഹത്യപ്രേരണ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയത്ത്.
രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് സുകാന്തിനായി പരിശോധന തുടരുകയാണ്. എന്നാല്‍ ഇതുവരെ ഒരു വിവരവും ഇയാളെ കുറിച്ച് ലഭിച്ചിട്ടില്ല.
അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ സുകാന്തിനെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരം സിറ്റി ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് മാധ്യമങ്ങളോടു പ്രതികരിച്ചു.