പുരാനും മാര്‍ഷും അടിച്ചു തകർത്തു; റൺമല തീര്‍ത്ത് ലക്നോ
Tuesday, April 8, 2025 5:38 PM IST
കോൽക്കത്ത: ഐപിഎല്ലിൽ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 239 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്നോ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 238 റൺസെന്ന കൂറ്റന്‍ സ്കോർ നേടിയത്. നിക്കോളസ് പുരാനും മിച്ചൽ മാര്‍ഷും നേടിയ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് ടീമിന് തുണയായത്.
മിച്ചൽ മാര്‍ഷ് 48 പന്തിൽ ആറു ഫോറും അഞ്ച് സിക്സറുകളും സഹിതം 81 റൺസ് നേടിയപ്പോൾ പുരാൻ 36 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്നു. എട്ടു ഫോറും ഏഴു സിക്സറുകളുമാണ് പുരാന്റെ ബാറ്റിൽ നിന്ന് പിറന്നത്. എയ്ഡന്‍ മാര്‍ക്രം 47 റൺസ് നേടി.
മാര്‍ഷ് പുറത്തായതിന് പിന്നാലെ 17-ാം ഓവറിൽ നിക്കോളാസ് പുരാൻ തന്റെ വിശ്വരൂപം പുറത്തെടുത്തു. ഹര്‍ഷിത് റാണയുടെ ആദ്യ രണ്ട് പന്തുകളും നിലംതൊടാൻ താരം അനുവദിച്ചില്ല. വെറും 21 പന്തുകളിൽ നിന്നാണ് പുരാൻ 50 തികച്ചത്. 18-ാം ഓവറിന്റെ മൂന്നാം പന്തിൽ ടീം സ്കോര്‍ 200 കടന്നു.
റസലിന്റെ ഓവറിൽ മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 24 റൺസാണ് പുരാൻ അടിച്ചെടുത്തത്. കോൽക്കത്തയ്ക്കായി ഹര്‍ഷിത് റാണ രണ്ടും റസൽ ഒരു വിക്കറ്റും വീഴ്ത്തി.