പൊന്നാനിയിൽ വീട് ജപ്തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു
Tuesday, April 8, 2025 12:58 PM IST
മലപ്പുറം: പൊന്നാനിയിൽ വീട് ജപ്തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു. പാലപ്പെട്ടി സ്വദേശി ഇടശേരി മാമി(82) ആണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇവര്‍ കിടപ്പിലായിരുന്നു.
2020-ൽ ഇവരുടെ മകൻ ആലി അഹമ്മദ് പാലപ്പെട്ടി എസ്ബിഐ ബ്രാഞ്ചിൽ നിന്ന് 25 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇത് മുടങ്ങിയതിനെ തുടർന്നായിരുന്നു വീട് ജപ്തി ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് നടന്ന ജപ്തി നടപടിക്ക് പിന്നാലെ മാമി തൊട്ടടുത്തുള്ള മറ്റൊരു മകന്റെ വീട്ടിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം.
ആലി അഹമ്മദ് ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്നു. മരിച്ച മാമിയുടെ പേരിലുള്ള സ്വത്തുക്കള്‍ പണയം വെച്ചാണ് ഇയാള്‍ ലോണെടുത്തിരുന്നത്.
എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി ഇയാളെക്കുറിച്ച് വിവരമൊന്നുമില്ല. 42 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടായിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു