വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കർണാടക ആഭ്യന്തര മന്ത്രി
Tuesday, April 8, 2025 11:39 AM IST
ബംഗുളൂരു: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ നിസാരവത്ക്കരിച്ച് വിവാദ പ്രസ്താവന നടത്തിയ കർണാടക ആഭ്യന്തര മന്ത്രി മാപ്പ് പറഞ്ഞു.
ബംഗുളൂരു നഗരത്തിലൂടെ പുലർച്ചെ നടന്നുപോയ രണ്ട് യുവതികളിലൊരാളെ അജ്ഞാതൻ കടന്നുപിടിച്ചെന്ന കേസിൽ, ആഭ്യന്തരമന്ത്രി നടത്തിയ പരാമർശമാണ് വിവാദമായത്. വൻ നഗരങ്ങളിൽ അങ്ങിങ്ങ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു മന്ത്രി ജി.പരമേശ്വരയുടെ പരാമർശം.
"സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് എപ്പോഴും വളരെയധികം ആശങ്കയുള്ള ഒരാളാണ് ഞാൻ. സ്ത്രീകളുടെ സുരക്ഷയ്ക്കായി നിർഭയ ഫണ്ടുകൾ നന്നായി വിനിയോഗിക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കിയിട്ടുണ്ട്. എന്റെ പ്രസ്താവന വളച്ചൊടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതിൽ ഏതെങ്കിലും സ്ത്രീക്ക് വേദനയുണ്ടായിട്ടുണ്ടെങ്കിൽ, ഞാൻ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.' അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന വിവാദമായതിനെ തുടർന്ന് രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2017ലും പരമേശ്വര ഇത്തരത്തിൽ പ്രകോപനപരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഈ സർക്കാരിനു കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഹംപിയിൽ കഴിഞ്ഞ മാസം ഇസ്രയേലി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഉയർത്തിക്കാട്ടി അവർ ആരോപിച്ചു.