വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; ഗുണ്ട കായ്ക്കുരു രാഗേഷ് പിടിയിൽ
Tuesday, April 8, 2025 9:23 AM IST
തൃശൂർ: താന്ന്യത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഗുണ്ട കായ്ക്കുരു രാഗേഷ് (37) പോലീസ് പിടിയിലായി. മാര്‍ച്ച് 17-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
താന്ന്യം കുളപ്പാടത്തിന് സമീപം പറമ്പില്‍ ആദിത്യകൃഷ്ണനോടുള്ള വൈരാഗ്യത്തില്‍ കായ്ക്കുരു രാഗേഷിന്റെ സംഘാഗങ്ങളായ ഷാജഹാന് (30), ശ്രീബിന് (23) എന്നിവര്‍ ഇയാളുടെ വീട്ടുമുറ്റത്തേക്ക് വടിവാളുമായി എത്തുകയായിരുന്നു. ഇയാളെ കണ്ടെത്താത്തതിനാല്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി.
ബഹളം കേട്ട് തൊട്ടടുത്ത വീട്ടിലെ കാതിക്കൂടത്ത് ലീല അവിടേക്കെത്തി കാര്യം തിരക്കി. ഇതില്‍ പ്രകോപിതനായ ഷാജഹാന് വടിവാള്‍ കൊണ്ട് ലീലയുടെ ഇടതുകൈപ്പത്തിയുടെ മുകളില്‍ വെട്ടുകയായിരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ചാഴൂര്‍ വാഴപ്പുരയ്ക്കല്‍ അഖില്‍ (24), മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഷാജഹാനേയും ശ്രീബിനേയും കൃത്യത്തിന് പ്രേരിപ്പിച്ചത് കായ്ക്കുരു രാഗേഷാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ ഈയടുത്താണ് കാപ്പ കേസ് കഴിഞ്ഞ് പുറത്തിറങ്ങിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ തൃക്കാക്കരയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോലീസ് പിടികൂടിയത്.
കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ ലത്തീഫ്, ക്രൈം സ്ക്വാഡ് അംഗം മാഹിന്‍ അബൂബക്കര്‍, സിപിഒ ആദര്‍ശ്, എളമക്കര സിപിഒ ഐ.എസ്. അനീഷ് എന്നിവരുടെ സഹായത്തോടെയാണ് കായ്ക്കുരു രാഗേഷിനെ പിടികൂടിയത്.