കോഹ്ലിയും പാട്ടീദാറും തകർത്തടിച്ചു; ആര്‍സിബിക്ക് കൂറ്റന്‍ സ്കോര്‍
Monday, April 7, 2025 9:42 PM IST
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് കൂറ്റന്‍ സ്കോര്‍. ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ (64), വിരാട് കോഹ്ലി (67) എന്നിവരുടെ അർധ സെഞ്ചുറി മികവിൽ ആര്‍സിബി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 221 റണ്‍സാണ് അടിച്ചെടുത്തത്.
അവസാന ഓവറുകളിൽ പാട്ടീദാറും ജിതേഷ് ശര്‍മ്മയും തകര്‍പ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 31 പന്തിൽ അഞ്ച് ബൗണ്ടറികളും നാലു സിക്സറുകളും സഹിതം 64 റൺസ് നേടിയാണ് പാട്ടീദാര്‍ മടങ്ങിയത്. ജിതേഷ് ശര്‍മ്മ 12 പന്തിൽ രണ്ട് ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 32 റൺസ് നേടി.
മുംബൈയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വിഘ്നേഷ് പുത്തൂരിന് ഒരു വിക്കറ്റ് ലഭിച്ചു. പരിക്കിന് ശേഷം തിരിച്ചെത്തിയ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ നാല് ഓവറില്‍ നിന്ന് വഴങ്ങിയത് വെറും 29 റണ്‍സ് മാത്രമാണ്.