എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്തവർക്ക് ചൊവ്വാഴ്ച മുതൽ പിന്തുണാ ക്ലാസ്
Monday, April 7, 2025 6:18 PM IST
തിരുവനന്തപുരം: എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നേടാത്ത വിദ്യാർഥികൾക്കുള്ള അധിക പിന്തുണാ ക്ലാസ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ സബ്ജക്ട് മിനിമം നേടാത്തവർ 21 ശതമാനമാണ്.
ഇവർക്ക് ചൊവ്വാഴ്ച മുതൽ 24 വരെ അതതു വിഷയങ്ങളിൽ അധിക പിന്തുണാ ക്ലാസ് നൽകും. രാവിലെ 9.30 മുതൽ 12.30 വരെ ആയിരിക്കും ഇത്തരം ക്ലാസുകൾ. 25 മുതൽ 28 വരെ പുന:പരീക്ഷയും 30ന് ഫലപ്രഖ്യാപനവും നടത്തും.
ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയിട്ടുണ്ട്.
ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.