മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ എസ്എഫ്ഐഒയ്ക്ക് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി
Monday, April 7, 2025 2:29 PM IST
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എസ്എഫ്ഐഒയ്ക്ക് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
ഹർജിയിൽ ബുധനാഴ്ച വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. ചൊവ്വാഴ്ചതന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം.
അന്വേഷണത്തിനെതിരെ സിഎംആർഎൽ നല്കിയ പ്രധാന ഹര്‍ജിയിലും ബുധനാഴ്ച വാദം കേള്‍ക്കും. ഈ ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചു.
കേസില്‍ കൊച്ചിയിലെ കോടതിയില്‍ തുടർനടപടികൾ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.