കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അലന്റെ ബന്ധുക്കൾ
Monday, April 7, 2025 12:30 PM IST
പാലക്കാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങില്ലെന്ന് അലന്റെ ബന്ധുക്കൾ. കാട്ടാനപ്രശ്നപരിഹാരത്തിന് തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടും വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
കുടുംബത്തിന് നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ചികിത്സ ചിലവ് ബില്ല് നൽകിയതിനുശേഷം നൽകാമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും വീട്ടുകാർ പറഞ്ഞു. തുടർന്ന് ജനപ്രതിനിധികളടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് ചികിത്സ സഹായമായി ഒരു ലക്ഷം രൂപ ഇന്നു തന്നെ നൽകാമെന്ന് ഡിഎഫ്ഒ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പോസ്റ്റുമോർട്ടത്തിനും ഇൻക്വസ്റ്റിനും സമ്മതിച്ചു.
ചികിത്സയിൽ കഴിയുന്ന അലന്റെ അമ്മ വിജിയുടെ ചികിത്സചിലവ് സർക്കാർ വഹിക്കും. തോളെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കുകളുള്ള വിജിക്ക് വിദഗ്ധ ചികിത്സ വേണ്ടിവരുമെന്ന് സൂചനകളുണ്ട്.
മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുകയിൽ നിന്ന് അഞ്ചുലക്ഷം രൂപയും ഉടൻ ബന്ധുക്കൾക്ക് നൽകും. രാവിലെ എട്ടുമണിയോടെ ഇൻക്വസ്റ്റ് നടത്തിയശേഷം ആദ്യത്തെ പോസ്റ്റുമോർട്ടമായി നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും ബന്ധുക്കളുടെ എതിർപ്പിനെ തുടർന്ന് പോസ്റ്റുമോർട്ടം നീണ്ടുപോയി.
അതിനിടെ ഡിഎഫ്ഒ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു.