വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
Monday, April 7, 2025 8:48 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറന്ന എയർ ഏഷ്യ എക്സ് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ശനിയാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു ഡി 7220 വിമാനത്തിലായിരുന്നു സംഭവം.
ജോർദാൻ പൗരനായ ഷാദി തൈസീർ അൽസായിദ് ആണ് പിടിയിലായത്. ഇയാൾ ആദ്യം വിമാനത്തിന്റെ പിൻഭാഗത്തെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചതായി ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് പറഞ്ഞു.
ക്യാബിൻ ക്രൂവും യാത്രക്കാരും ഇടപെട്ട് ഈ ശ്രമം പരാജയപ്പെടുത്തികയായിരുന്നു. ഇതിനിടെ ഇയാൾ വിമാനത്തിലെ ഒരു ജീവനകാരനെ ആക്രമിച്ചു. ഇതേതുടർന്നു ഇയാളെ വിമാനത്തിന്റെ മധ്യത്തിലുള്ള ഒരു സീറ്റിലേക്ക് മാറ്റി. പിന്നീട് അൽസായിദ് മറ്റൊരു എമർജൻസി എക്സിറ്റ് ഡോർ തുറക്കാനും ശ്രമിച്ചു.
ഒരു വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനു രണ്ട് കുറ്റങ്ങളും ക്യാബിൻ ക്രൂവിനെ ആക്രമിച്ചതിന് ഒരു കുറ്റവും അൽസായിദിനെതിരെ ചുമത്തിയിട്ടുണ്ടെന്ന് എഎഫ്പി പറഞ്ഞു.