വഖഫ് പ്രതിഷേധം; മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീടിന് തീയിട്ടു
Monday, April 7, 2025 7:38 AM IST
ഇംഫാൽ: മണിപ്പൂരിൽ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ചതിന് ബിജെപി നേതാവിന്റെ വീട് കത്തിച്ചു. ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് മുഹമ്മദ് അസ്കർ അലിയുടെ വീടിനാണ് ജനക്കൂട്ടം തീവച്ചത്.
വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിനെതിരെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. തൗബൽ ജില്ലയിലെ ലിലോംഗ് പ്രദേശത്തെ ദേശീയപാത 102 ൽ നടന്ന റാലിയിൽ 5,000 ത്തിലധികം പേർ പങ്കെടുത്തു. ക്രമസമാധാന പാലനത്തിനായി മേഖലയിൽ പോലീസിനെയും അർദ്ധസൈനികരെയും വിന്യസിച്ചിരുന്നു.
സുരക്ഷാ സേനയുടെ കർശന കാവലിൽ ആലിയ മദ്രസ പ്രദേശം വഴി ലിലോംഗ് ഹവോറിബിയിലേക്ക് പോകാനായിരുന്നു റാലിക്ക് അനുവാദമുണ്ടായിരുന്നത്. ചില പ്രദേശങ്ങളിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് ലിലോംഗ്.