മുണ്ടൂരിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോര്ട്ടം ഇന്ന്
Monday, April 7, 2025 5:55 AM IST
പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധം. കൊല്ലപ്പെട്ട അലന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ബിജെപിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തും. പാലക്കാട് മുണ്ടൂരിൽ കണ്ണാടൻചോലക്ക് സമീപത്ത് ഞായറാഴ്ച രാത്രി എട്ടിനാണ് കാട്ടാന ആക്രമണം ഉണ്ടായത്.
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അലനെയും അമ്മയേയും കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് വിജി തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്.
പരിക്കേറ്റ വിജിയാണ് തങ്ങളെ കാട്ടാന ആക്രമിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല.