മോഷ്ടിച്ച ബൈക്കുകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
Monday, April 7, 2025 4:12 AM IST
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുകളുമായി കടന്നുകളയാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പിണങ്ങോട് സ്വദേശികളായ അമൃത നിവാസില്‍ അഭിഷേക്, പറപ്പാടന്‍ അജ്നാസ്, ചുണ്ടയില്‍ സ്വദേശി മോതിരോട്ട് ഫസല്‍ എന്നിവരെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ താമരശേരി ചുരത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ചുരത്തിന്റെ നാലാം വളവില്‍ ബദല്‍ റോഡിനോട് ചേര്‍ന്നാണ് സംശയകരമായ സാഹചര്യത്തിൽ യുവാക്കളെ പോലീസ് കണ്ടത്.
പിന്നീട് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രണ്ട് ബൈക്കുകളും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നറിയാന്‍ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.